09/10/2023
*സിറ്റി പഴയ സിറ്റിയല്ല*
അരവയറ് നിറച്ചുണ്ണാൻ കഴിയാതിരുന്നൊരു കാലം
മുട്ടാപ്പം വിറ്റും ആട്ടിൻ പാൽ വിറ്റും വീട്ടിൽ ബീഡി തെറുത്ത് സ്വയം തൊഴിൽ കണ്ടെത്തിയും
കൂലിപ്പണി ചെയ്തും രക്ഷയില്ലാതെ പട്ടിണിയും പരുവട്ടവുമായി കഴിഞ്ഞൊരു കാലം. സിങ്കപ്പൂരിലും മലേഷ്യയിലും ബർമ്മയിലും
കുറച്ചുപേരൊക്കെ പോയെങ്കിലും നാട്ടിൽ വലിയ മാറ്റമൊന്നുമില്ലാതിരുന്ന കാലം. പിന്നെയാണ് കള്ളലോഞ്ച് കയറി ദുബായിലോട്ട് പോയി തുടങ്ങിയത്.
അറബികടലിനോട് മല്ലടിച്ചു കിട്ടിയ ജീവനുമായി കരപിടിച്ചവർ അരവയർ മാത്രം നിറച്ച് ജീവിതം തള്ളി നീക്കി നെയ്തെടുത്തതാണ് ഇന്നത്തെ സിറ്റി. പത്താം ക്ലാസും ഗുസ്തിയും കഴിഞ്ഞു നേരെ ഗൾഫിലോട്ട് കടല് കടന്നവർ ചോര വിയർപ്പാക്കി നാട്ടിലയച്ച പണമാണ് ഇന്ന് കാണുന്ന സിറ്റിയുടെ സമ്പന്നതക്ക് കാരണം. പിന്നീടവർ മക്കൾക്ക് ഉന്നത വിദ്യഭ്യാസം നൽകി അവരെ പുതിയ മേച്ചിൽ പുറങ്ങളിലേക്ക് അയച്ചു. വിദ്യാഭ്യാസത്തിന്റെ പ്രസക്തി തിരിച്ചറിഞ്ഞ പുതിയ തലമുറയിൽ കുറച്ചുപേർ ഇഞ്ചിനിയർമാരും, ഡോക്ടർമാരും മാത്രമല്ല IASഉം, ജഡ്ജുമൊക്കെ ആയിമാറിയെങ്കിലും, ഇട്ടാവട്ടത്തിൽ മൂന്ന് ഹൈസ്കൂളും നിരവധി യു.പി, എൽപി സ്കൂളുകളും ഒരു കോളേജും ഉണ്ടായിട്ടും അതിന്റെ ഗുണഭോക്താക്കളാകാൻ നമ്മുടെ നാട്ടിനായിട്ടുണ്ടോ ?
കാലത്തിന്റെ കുത്തൊഴുക്കിൽ നമ്മുടെ നാട്ടിലും പുത്തൻ പ്രവണതകളാരംഭിച്ചിരിക്കുന്നു.
ഇന്നലെകളിൽ നാട്ടിലെ പ്രശനങ്ങളിലിടപെട്ട് സാമൂഹ്യ പ്രവർത്തകരായി മാറിയ ചെറുതെങ്കിലും ഒരു സമ്പന്ന നേതൃത്വം നമ്മുടെ നാട്ടിലുണ്ടായിരുന്നു.
കാലം മാറി കഥ മാറി എന്നു പറഞ്ഞ പോലെ ഇന്ന് സോഷ്യൽ മീഡിയയുടെ കാലം. എല്ലാവർക്കും നേതാവാകണം ശ്രദ്ധിക്കപ്പെടണം അംഗീകാരം കിട്ടണം അതിനായി എന്തെല്ലാം ഉഡായിപ്പ് നടത്താൻ പറ്റുമോ അതൊക്കെ നടത്തുന്ന വാട്സാപ്പ് മുതലാളിമാർ വാഴുന്ന നാടായി മാറിയിരിക്കുന്നു സിറ്റി.
ആദരവ് ഇരന്നു വാങ്ങുന്നവരും, ആരയെങ്കിലും ആദരിക്കാൻ വെമ്പൽ കൊള്ളുന്നവരും, ചുളുവിൽ ഡോക്ടറേറ്റ് വാങ്ങിയെടുക്കുന്നവരും. വാർത്തകളിൽ ശ്രദ്ധ നേടിയെടുക്കാൻ ഏത് ഗർഭവും എറ്റെടുക്കുന്ന എട്ടുകാലി മമ്മൂഞ്ഞിമാരായ വാട്ട്സാപ്പ് തമ്പുരാക്കന്മാരും, വ്യക്തി വിരോധം തീർക്കാൻ കുടുംബത്തെ പോലും വലിച്ചിഴച്ച് പൊതുവേദിയിൽ അവഹേളിക്കുന്ന നെറികെട്ടവൻമാരും അവരുടെ ഏറാൻ മൂളികളും, പല പല കടലാസ് സംഘടനകളും, ക്ലബ്ബുകളും, ഫൗണ്ടേഷനുകളുമുണ്ടാക്കി അതിൻ്റെ തലപ്പത്തിരിന്നു തമ്പുരാക്കന്മാരായി വിലസുന്നവരുടെ സിറ്റിയാണ് മക്കളേ പുതിയ സിറ്റി.
ഇതിനിടയിലകപ്പെട്ട് പകച്ച് പോയ ഒരു വിഭാഗമാണ് മക്കളേ സിറ്റിയിലെ മുഖ്യധാരാരാഷ്ട്രിയ പാർട്ടികളും അവരുടെ നേതൃത്വവും. ഇത്തരം കടലാസ് സംഘടനകളുടെയും, വാട്സാപ്പ് ഗ്രൂപ്പുകളുടെയും പരിപാടികളിൽ പങ്കെടുത്ത് ഇവർ ചെയ്യുന്ന നെറികേടിന് പൊതു സ്വീകാര്യത നൽകുന്നവരായി മാറിയിരിക്കുന്നു. വ്യക്തമായ രാഷ്ട്രീയ നിലപാടുള്ള പാർട്ടികൾ പോലും അവരുടെ നേതാക്കളും ജനപ്രതിനിധികളും ഇത്തരം വേദിയിൽ പങ്കെടുക്കുന്നത് സിറ്റിയിലെ നേതൃത്വം അറിയാതെയാണത്രേ!!! എന്തൊരു വിരോധാഭാസം അല്ലെ ? സിറ്റിയിലെ എല്ലാ പാർട്ടികളുടെയും പ്രാദേശിക നേതൃത്വം ഉറക്കം നടിക്കുന്നതാണെങ്കിൽ നിങ്ങൾ അത് തന്നെ തുടരൂക. നിങ്ങളുടെ കാൽ ചുവട്ടിലെ മണ്ണ് മുഴുവനായും ഒലിച്ച് പാതാളത്തിൽ പതിക്കുവോളം. അതല്ല നിങ്ങളറിയാതെ നിങ്ങളുടെ കണ്ണുകൾ മയങ്ങി പോയതാണങ്കിൽ നിങ്ങൾക്കുണരാനുള്ള സമയം കൂടിയാണിത്.
THE FOURTH ESTATE OF CITY